ദോഹ: സഹോദര രാജ്യമായ കുവൈത്തിന് നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും കടുത്ത ലംഘനവുമാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം നീതിരഹിതമായ ആക്രമണങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കുന്നതിനായി സംഘർഷാവസ്ഥ ലഘൂകരിക്കാൻ അടിയന്തര ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രസ്താവനയിലൂടെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷത്തിന് ആഘാതമേൽപ്പിക്കുന്ന ഇത്തരം സംഭവവികാസങ്ങളെ വലിയ ആശങ്കയോടെയാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫ് സമൂഹം വീക്ഷിക്കുന്നത്.








