ദോഹ: ഖത്തറിന്റെ ഊർജ-വ്യവസായ നയരംഗത്ത് അഞ്ചു ദശാബ്ദത്തിലേറെ നിർണായക സാന്നിധ്യമായിരുന്ന മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ (74) അന്തരിച്ചു. ലണ്ടനിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അൽ ഖറൈതിയാത്തിലെ നാസർ ബിൻ അബ്ദുല്ല അൽ അതിയ്യ മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം ഖബറടക്കി. സ്വദേശികളും പ്രമുഖ വ്യക്തികളുമടക്കം വൻ ജനവലിഭമാണ് അദ്ദേഹത്തിന് അന്തിമാദരം അർപ്പിക്കാൻ എത്തിയത്.
ഖത്തറിനെ ആഗോള ഊർജ ഭൂപടത്തിൽ മുൻനിരയിലെത്തിക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ നേതാവായിരുന്നു അൽ അതിയ്യ. ദീർഘകാലം ഊർജ-വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, രാജ്യത്തിന്റെ എണ്ണ-വാതക മേഖലകളുടെ ആധുനികവൽക്കരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അന്താരാഷ്ട്ര ഊർജ പങ്കാളിത്തങ്ങൾ ഉറപ്പാക്കുന്നതിലും ഒപെക് (OPEC) ഉൾപ്പെടെയുള്ള ആഗോള വേദികളിൽ ഖത്തറിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
അമീരി ദിവാൻ ചീഫ്, പ്ലാനിംഗ് കൗൺസിൽ ചെയർമാൻ തുടങ്ങി ഖത്തർ ഭരണകൂടത്തിന്റെ വിവിധ നിർണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ വികസന നയങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇന്ന് ഖത്തറിൽ സുരക്ഷിതമായ തൊഴിൽ-വ്യാപാര അന്തരീക്ഷം ഒരുക്കുന്നതിൽ പരോക്ഷമായി വലിയ പങ്കുവഹിച്ചത്. രാജ്യത്തിന്റെ വികസന നായകന്റെ വിയോഗത്തിൽ ഖത്തറിലെ പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.






