ദോഹ: ഈദ് അൽ അദ്ഹ ആഘോഷങ്ങളിലേക്ക് രാജ്യം കടക്കാനിരിക്കെ, പെരുന്നാളിന്റെ ഒന്നും രണ്ടും ദിനങ്ങളിലെ ഔദ്യോഗിക കാലാവസ്ഥാ പ്രവചനം ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പുറത്തുവിട്ടു. അവധി ദിനങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഓഫ്ഷോർ മേഖലകളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെരുന്നാൾ ദിനങ്ങളിലെ ഔട്ട്ഡോർ പരിപാടികളും യാത്രകളും ആസൂത്രണം ചെയ്യുന്ന പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഈ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പെരുന്നാളിന്റെ ആദ്യ ദിനമായ മെയ് 27 ബുധനാഴ്ച രാജ്യത്ത് കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 31 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ കാറ്റിന്റെ വേഗത 5 മുതൽ 15 നോട്സ് വരെയായിരിക്കുമെങ്കിലും, ചിലപ്പൊഴൊക്കെ ഇത് 24 നോട്സ് വരെ വേഗതയിൽ വീശിയടിച്ചേക്കാം. കടലിൽ തിരമാലകൾ 2 മുതൽ 4 അടി വരെയും ചില സമയങ്ങളിൽ 6 അടി വരെ ഉയരാനും സാധ്യതയുള്ളതിനാൽ കടൽയാത്ര നടത്തുന്നവർ ജാഗ്രത പാലിക്കണം. അന്തരീക്ഷ കാഴ്ചപരിധി 5 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും.
പെരുന്നാളിന്റെ രണ്ടാം ദിനമായ മെയ് 28 വ്യാഴാഴ്ച കടലിൽ പോകുന്നവർക്കായി കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഫ്ഷോർ മേഖലകളിൽ തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടാം ദിവസവും ചൂടുള്ള കാലാവസ്ഥ തുടരും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റിന്റെ വേഗത പകൽ സമയങ്ങളിൽ 23 നോട്സ് വരെ ഉയർന്നേക്കാം. ഈ ദിവസങ്ങളിൽ തീരദേശ പരിപാടികൾ പ്ലാൻ ചെയ്യുന്നവരും മൽസ്യബന്ധന തൊഴിലാളികളും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.







