പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് വിവിധ മേഖലകളിൽ സൈനിക നീക്കങ്ങളും നയതന്ത്ര പ്രതിഷേധങ്ങളും ശക്തമായി.
ഹോർമുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. യുഎസ് സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ, കടലിടുക്കിന് കിഴക്ക് ഭാഗത്ത് വെച്ച് അമേരിക്കയുടെ MQ-9 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യവും അവകാശപ്പെട്ടു.

മേഖലയിലേക്ക് മൂന്നാമതൊരു യുഎസ് വിമാനവാഹിനിക്കപ്പൽ കൂടി എത്തിയ സാഹചര്യത്തിൽ, ശത്രുനീക്കങ്ങൾ തങ്ങളുടെ സേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹതാമി മുന്നറിയിപ്പ് നൽകി.
അതേസമയം, കുവൈറ്റിനും ബഹ്റൈനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരെ ഗൾഫ് മേഖലയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുവൈറ്റിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ടെഹ്റാൻ അവകാശപ്പെട്ടതിന് പിന്നാലെ, ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ഇറാൻ നടത്തിയത് കുറ്റകരമായ ആക്രമണങ്ങളാണെന്ന് ബഹ്റൈൻ ആരോപിച്ചപ്പോൾ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ചു.
ഇതിനിടെ, മധ്യ ഗാസയിലെ മൂന്ന് മേഖലകളിൽ ഇസ്രായേൽ സൈന്യം വീണ്ടും തീവ്രമായ സൈനിക നടപടി ആരംഭിച്ചു. നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്ന് ഹമാസ് പ്രതികരിച്ചു.









