ദോഹ: ഖത്തറിലെ റോഡ് അറ്റകുറ്റപ്പണികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായി പ്രമുഖ പാതകളിൽ പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മെയ് 29 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ ബാനി ഹാജർ ഇന്റർചേഞ്ച് വഴി ന്യൂ അൽ റയ്യാൻ സ്ട്രീറ്റിൽ നിന്ന് ദുഖാൻ റോഡിലേക്ക് പ്രവേശിക്കുന്ന ടണൽ പൂർണ്ണമായും അടച്ചിടും. എട്ട് മണിക്കൂർ നീളുന്ന ഈ നിയന്ത്രണ സമയത്ത് ദുഖാൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബദൽ മാർഗമായി ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വരും ദിവസങ്ങളിലും ദോഹയിലെ വിവിധയിടങ്ങളിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 2 മുതൽ ജൂൺ 12 വരെ ഉം ലെഖ്ബ ഇന്റർചേഞ്ചിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ യു-ടേൺ രാത്രി 12:30 മുതൽ പുലർച്ചെ 5 മണി വരെ താൽക്കാലികമായി അടച്ചിടും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെയാണ് ഇത് ബാധിക്കുക. കൂടാതെ ജൂൺ 1 മുതൽ ജൂൺ 20 വരെ അൽ ഗരാഫയിലെ ന്യൂ അൽ ഹതീം സ്ട്രീറ്റ് – അൽ ഗാബിയ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പാലത്തിലും ഇതേ സമയക്രമത്തിൽ രാത്രികാല നിയന്ത്രണമുണ്ടാകും.
ബാനി ഹാജർ ഇന്റർചേഞ്ചിൽ ഖലീഫ ബൊളിവാർഡിൽ നിന്ന് അൽ ഷഹാമ സ്ട്രീറ്റിലേക്ക് പോകുന്ന പാതയിൽ മെയ് 31 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയത്ത് ദോഹയിൽ നിന്ന് ഖലീഫ സ്ട്രീറ്റ് വഴി ബാനി ഹാജർ ഭാഗത്തേക്ക് പോകുന്നവർ ന്യൂ അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാലം ഉപയോഗിച്ച് അൽ ഷാഫി ഇന്റർചേഞ്ചിൽ നിന്ന് യു-ടേൺ എടുത്ത് ബാനി ഹാജർ ടണൽ വഴി ലക്ഷ്യസ്ഥാനങ്ങളിൽ എത്തേണ്ടതാണ്.
വാരാന്ത്യ യാത്രകൾക്കും എയർപോർട്ട് ആവശ്യങ്ങൾക്കുമായി പുറപ്പെടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മുൻകൂട്ടി യാത്രാ സമയം ക്രമീകരിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ദിശാസൂചകങ്ങളും വേഗത പരിധികളും കൃത്യമായി പാലിക്കാൻ എല്ലാ വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും അശ്ഗാൽ ഓർമ്മിപ്പിച്ചു.







