ദോഹ: ഖത്തറിന്റെ ആധുനിക ഊർജ്ജ മേഖലയുടെ ശില്പിയും മുൻ ഉപപ്രധാനമന്ത്രിയുമായ അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ (73) അന്തരിച്ചു. ലണ്ടനിൽ വെച്ചായിരുന്നു അന്ത്യം. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (LNG) കയറ്റുമതിക്കാരാക്കി മാറ്റുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ അദ്ദേഹം സമാനതകളില്ലാത്ത സംഭാവനകളാണ് നൽകിയത്. 1952-ൽ ജനിച്ച അൽ അത്തിയ 1972-ൽ ധനകാര്യ-പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് പൊതുസേവന രംഗത്തേക്ക് പ്രവേശിക്കുന്നത്.
1992 മുതൽ 2011 വരെയുള്ള നീണ്ട 19 വർഷക്കാലം ഖത്തറിന്റെ ഊർജ്ജ-വ്യവസായ മന്ത്രിയായും ഖത്തർ പെട്രോളിയത്തിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ഖത്തറിന്റെ പ്രകൃതിവാതക വിപ്ലവത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. ഇതിന് പുറമെ 2003-ൽ രണ്ടാം ഉപപ്രധാനമന്ത്രിയായും 2007-ൽ ഉപപ്രധാനമന്ത്രിയായും അദ്ദേഹം നിയമിതനായി. ഒപെക് (OPEC) പ്രസിഡന്റ്, ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫ് (GECF) പ്രസിഡന്റ് എന്നീ നിലകളിൽ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം ശ്രദ്ധേയനായി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന കമ്മീഷൻ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
2012-ൽ ദോഹയിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ (COP18) അധ്യക്ഷനെന്ന നിലയിൽ ചരിത്രപ്രസിദ്ധമായ ‘ദോഹ ക്ലൈമറ്റ് ഗേറ്റ്വേ’ കരാറിലേക്ക് ലോകരാജ്യങ്ങളെ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഖത്തറിലെ പ്രമുഖ കായിക ക്ലബ്ബായ അൽ സദ്ദിന്റെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമായിരുന്നു. ഊർജ്ജ, ഭരണ രംഗങ്ങളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് ഖത്തർ അമീർ നൽകുന്ന പരമോന്നത ബഹുമതിയായ ‘പെൻഡന്റ് ഓഫ് ഇൻഡിപെൻഡൻസ്’ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഖത്തറിലെ പ്രവാസി സമൂഹവും വിവിധ റീജിയണൽ കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.







