കൊച്ചി, നവംബർ 18, 2026: ഇന്ത്യ-ജി.സി.സി നയതന്ത്ര ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുന്ന അന്താരാഷ്ട്ര സമ്മേളനമായ ‘കൊച്ചി ഡയലോഗ് 2026’-ന് താജ് വിവാന്ത ഹോട്ടലിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (സൗത്ത്) ജി.വി. ശ്രീനിവാസ് ഐ.എഫ്.എസ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കെ.പി.എം.ജി ബഹ്റൈൻ ചെയർമാനും ബഹ്റൈൻ ദേശീയ അസംബ്ലി അംഗവുമായ ജമാൽ ഫഖ്റോ, വിയന്നയിലെ ഐക്യരാഷ്ട്രസഭയിലെ മുൻ ഇന്ത്യൻ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ടി.പി. ശ്രീനിവാസൻ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കണോമിക് ഡിപ്ലോമസി ഡിവിഷൻ ജോയിന്റ് സെക്രട്ടറി പി.എസ്. ഗംഗാധർ ഐ.എഫ്.എസ്, ടൈ കേരള പ്രസിഡന്റും സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ കോ-കൺവീനറുമായ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) സാമ്പത്തിക സംയോജനം, വിപണി പ്രവേശനം, നിക്ഷേപ പ്രവാഹം, വിതരണ ശൃംഖലകൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജി.വി. ശ്രീനിവാസ് വ്യക്തമാക്കി. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ജി.സി.സി ഉഭയകക്ഷി വ്യാപാരം ഏകദേശം 178.6 ബില്യൺ യു.എസ് ഡോളറിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം ഒരു കോടി ഇന്ത്യക്കാരുടെ സംഭാവനകളും അവരുടെ ക്ഷേമത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അതുമൂലമുണ്ടായ ഊർജ്ജ, വ്യാപാര, വിതരണ ശൃംഖലകളിലെ വെല്ലുവിളികളും ഇന്ത്യ-ജി.സി.സി സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി അധ്യക്ഷ പ്രസംഗത്തിൽ സി.പി.പി.ആർ ചെയർമാൻ ഡോ. ഡി. ധനുരാജ് പറഞ്ഞു. അതിജീവനം, പുനർനിർമ്മാണം, പുനർനിർവ്വചനം എന്നീ സുപ്രധാന ആശയങ്ങൾക്കാണ് ഈ വർഷത്തെ സമ്മേളനം ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ), കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച് (പി.പി.ആർ) ഡിവിഷനുമായി സഹകരിച്ചാണ് നവംബർ 18 മുതൽ 20 വരെ കൊച്ചി താജ് വിവാന്ത ഹോട്ടലിൽ ഈ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
“നൂതനവും സംയോജിതവുമായ ഇന്ത്യ-ജി.സി.സി പങ്കാളിത്തത്തിലേക്ക്” എന്ന മുഖ്യപ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾ, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
നവംബർ 19, 20 തീയതികളിൽ നടക്കുന്ന വിവിധ സെഷനുകളിൽ നിക്ഷേപം, ഊർജ്ജ സുരക്ഷ, കണക്റ്റിവിറ്റി, തന്ത്രപരമായ സുരക്ഷ, പ്രവാസി സമൂഹം, സംസ്കാരം, ആരോഗ്യം, കേരളം-ജി.സി.സി വൈജ്ഞാനിക പങ്കാളിത്തം, ജലസംരക്ഷണം, നിർമ്മിത ബുദ്ധി (എ.ഐ), സമുദ്രസുരക്ഷ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: Kochi Dialogue Official Website






