ദേവസ്വം ബോർഡുമായി സഹകരിച്ച് ഇ-കാണിക്ക, പ്രസാദ ബുക്കിങ് സൗകര്യങ്ങൾ
കൊച്ചി, നവംബർ 18, 2026: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തീർത്ഥാടന അനുഭവം ഒരുക്കുന്നതിനായി ഡിജിറ്റൽ സേവനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) രംഗത്ത്. ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് സന്നിധാനത്ത് സ്ഥാപിച്ച അരവണ വെൻഡിങ് മെഷീൻ (Aravana Vending Machine) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ (റിട്ട. ഐ.എ.എസ്) ഉദ്ഘാടനം ചെയ്തു. ഇതിലൂടെ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് അരവണ വളരെ എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കും.
ഉദ്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഗവൺമെന്റ് ബിസിനസ് വിഭാഗം ഡിജിഎമ്മും ഹെഡുമായ രഞ്ജിത്ത് ആർ. നായർ, എജിഎമ്മും തിരുവനന്തപുരം റീജണൽ ഹെഡുമായ ജോൺ സിറിയക്, തിരുവനന്തപുരം മെയിൻ ക്ലസ്റ്റർ ഹെഡ് രതീഷ് പി., ഗവൺമെന്റ് ബിസിനസ് വിഭാഗം ചീഫ് മാനേജർ പ്രേംലാൽ ആർ.എസ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രധാന ഡിജിറ്റൽ സേവനങ്ങൾ:
- ഇ-കിയോസ്ക് & പ്രസാദ ബുക്കിംഗ്: സന്നിധാനത്ത് സ്ഥാപിച്ച പ്രത്യേക ഇ-കിയോസ്ക് മുഖാന്തരം അയ്യപ്പഭക്തർക്ക് എളുപ്പത്തിൽ പ്രസാദം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന പ്രസാദം ഏറ്റുവാങ്ങാൻ പ്രത്യേക കൗണ്ടറുകളും ബാങ്ക് ഒരുക്കിയിട്ടുണ്ട്.
- ഡിജിറ്റൽ പേയ്മെന്റും ഇ-കാണിക്കയും: ക്യൂ ആർ കോഡ് അധിഷ്ഠിതമായ ഇ-കാണിക്ക സംവിധാനവും ഡിജിറ്റൽ പേയ്മെന്റ് കൗണ്ടറുകളും മണ്ഡലകാലത്ത് ഭക്തർക്കായി സജ്ജമാക്കിയിട്ടുണ്ട്.
- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) സൗകര്യം: CIAL വഴി എത്തുന്ന തീർത്ഥാടകർക്കും അപ്പം, അരവണ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിജിറ്റൽ കിയോസ്കും ഇ-കാണിക്ക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ ബുക്ക് ചെയ്യുന്ന പ്രസാദം സന്നിധാനത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് കൗണ്ടറുകളിൽ നിന്നും ഏറ്റുവാങ്ങാം.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രസാദ ബുക്കിങ്ങും വിതരണവും കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.






