പുതുക്കാട്: സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചു. 127.297 കിലോഗ്രാം കഞ്ചാവും 229.640 ഗ്രാം മെത്താംഫെറ്റാമിനുമാണ് ബുധനാഴ്ച ഉച്ചയോടെ ചിറ്റിശ്ശേരിയിലുള്ള ഓം ശങ്കർ ടൈൽ ഫാക്ടറിയിലെ ചൂളയിലിട്ട് നശിപ്പിച്ചത്.
പുതുക്കാട്, കൊരട്ടി, അന്തിക്കാട്, ആളൂർ, കൊടുങ്ങല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ തൊണ്ടിമുതലുകളാണ് ഇവ. രാസപരിശോധനാ ഫലം (കെമിക്കൽ അനാലിസിസ് റിപ്പോർട്ട്) ലഭിച്ചതിനെ തുടർന്നാണ് ഇവ നശിപ്പിക്കാൻ തീരുമാനിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ചെയർമാനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ ഉത്തരവുപ്രകാരമാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ലഹരിമരുന്നുകൾ ഓട്ടുകമ്പനിയിൽ എത്തിച്ചത്.
ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന് പുറമെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രദീപ് എസ്., നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, പുതുക്കാട് ഇൻസ്പെക്ടർ ഫക്കറുദ്ദീൻ കെ.എ., ജില്ലാ നാർക്കോട്ടിക് സെൽ എ.എസ്.ഐമാരായ മഹേഷ്, ഷൈജു കെ.എസ്. എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.









