ദോഹ: കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിത ചടുലത എന്നിവ പ്രകടമാകുന്ന ‘എഡിഎച്ച്ഡി’ (ADHD – Attention Deficit Hyperactivity Disorder) അവസ്ഥയുടെ ചികിത്സയിൽ മരുന്നുകൾ മാത്രം നൽകുന്നത് പൂർണ്ണ ഫലം ചെയ്യില്ലെന്ന് ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ (HBKU) പുതിയ പഠനം. 7 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പഠനത്തിലാണ് മരുന്നിനോടൊപ്പം ‘കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി’ (CBT), മാതാപിതാക്കൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങിയ മനോസാമൂഹിക ഇടപെടലുകൾ (Psychosocial interventions) ഉറപ്പാക്കുന്നത് കുട്ടികളുടെ പെരുമാറ്റത്തിലും ദിനചര്യകളിലും വലിയ പുരോഗതി ഉണ്ടാക്കുമെന്ന് കണ്ടെത്തിയത്.
മരുന്ന് മാത്രം നൽകിയ കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പുരോഗതി കണ്ടെങ്കിലും, വീടുകളിലും സ്കൂളുകളിലും അവർ നേരിടുന്ന ദൈനംദിന പ്രായോഗിക ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറിയില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബിഹേവിയറൽ തെറാപ്പിയും മാതാപിതാക്കളുടെ പിന്തുണയും ലഭിച്ച കുട്ടികളിൽ രാവിലെ ഉണരുന്നത് മുതലുള്ള ദിനചര്യകൾ കൃത്യമാക്കാനും, പഠനത്തിൽ ശ്രദ്ധിക്കാനും, പെട്ടെന്നുണ്ടാകുന്ന ദേഷ്യവും നിരാശയും നിയന്ത്രിക്കാനും സഹപാഠികളോട് നന്നായി സഹകരിക്കാനും സാധിച്ചതായി പഠനം വ്യക്തമാക്കുന്നു. എഡിഎച്ച്ഡി എന്നത് കുട്ടിയുടെ ജീവശാസ്ത്രപരമായ അവസ്ഥയാണെന്നും, അതിനെ നേരിടാൻ കേവലം മരുന്ന് നൽകിയതുകൊണ്ട് മാത്രം കുട്ടിക്ക് ബാഗ് ഒതുക്കാനോ സൗഹൃദങ്ങൾ സ്ഥാപിക്കാനോ കഴിയില്ലെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ വിദഗ്ധർ വ്യക്തമാക്കുന്നു.
ഖത്തറിലെ സ്കൂളുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾ ഉൾപ്പെടെയുള്ള പ്രവാസി വിദ്യാർത്ഥികളുടെ മാനസികാരോഗ്യ ചർച്ചകളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ പുതിയ പഠനവിവരങ്ങൾ. മാറിയ സാംസ്കാരിക പശ്ചാത്തലം, മാതാപിതാക്കളുടെ ജോലിത്തിരക്കുകൾ, സ്കൂളിലെ പഠന സമ്മർദ്ദം എന്നിവ പലപ്പോഴും കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എഡിഎച്ച്ഡിയെ കുട്ടിയുടെ സ്വഭാവദൂഷ്യമോ മാതാപിതാക്കളുടെ വളർത്തലിലെ പരാജയമോ ആയി കാണാതെ, കൃത്യമായ തെറാപ്പികളിലൂടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള മാതാപിതാക്കളുടെ കൂട്ടായ്മകളിലൂടെയും പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് ഗവേഷകർ നൽകുന്ന നിർദ്ദേശം.








