ഡബ്ലിൻ: ആവേശകരമായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡ്. ഡബ്ലിനിലെ അവിവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ നായകൻ നഥാൻ കോളിൻസ് നേടിയ തകർപ്പൻ ഹെഡർ ഗോളാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയ ആതിഥേയർ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പുതിയ കോച്ച് ഹുലൻ ലോപെറ്റെഗിയുടെ കീഴിലിറങ്ങിയ ഖത്തറിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
ഇരു ടീമിലെയും ഓരോ കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ നാടകീയ നിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (44-ാം മിനിറ്റ്) ഖത്തർ താരം ജാസിം ഗാബറിനെ ഫൗൾ ചെയ്തതിന് അയർലൻഡിന്റെ ജാക്ക് മോയ്ലൻ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് പത്ത് പേരുമായി ചുരുങ്ങിയ അയർലൻഡിനെതിരെ ഖത്തർ സമ്മർദ്ദം ചെലുത്തിയെങ്കിലും 78-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ അൽമുഇസ് അലിക്ക് ചുവപ്പ് കാർഡ് ലഭിച്ചത് ഖത്തറിന് കനത്ത തിരിച്ചടിയായി. അയർലൻഡ് താരം ജെയ്സൺ മൊളുംബിയുമായുള്ള തർക്കത്തെത്തുടർന്നാണ് അൽമുഇസ് അലിക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത്.
ഈ മത്സരത്തോടെ ഖത്തറിന്റെ പ്രതിരോധ താരം ഹൊമാം അൽ അമീൻ തന്റെ നൂറാം അന്താരാഷ്ട്ര മത്സരം തികച്ചു. മത്സരത്തിൽ ഇരു ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തിയാണ് കളത്തിലിറങ്ങിയത്. ജൂൺ മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ തങ്ങളുടെ അടുത്ത പരിശീലന മത്സരം ജൂൺ 6-ന് ലോസ് ആഞ്ചലസിൽ വെച്ച് എൽ സാൽവഡോറിനെതിരെ കളിക്കും. ജൂൺ 13-ന് സാൻ ഫ്രാൻസിസ്കോയിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് ലോകകപ്പിൽ ഖത്തറിന്റെ ആദ്യ മത്സരം.








