ഖത്തറിലെ മറൈൻ ട്രാൻസ്‌പോർട്ട് മേഖലയിൽ ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി 14 പുതിയ ഓൺലൈൻ സേവനങ്ങൾ കൂടി അനുവദിച്ച് ഗതാഗത മന്ത്രാലയം (MOT). വലിയ കപ്പലുകളുമായി ബന്ധപ്പെട്ട 10 സേവനങ്ങളും നാവികരുടെ (Seafarers) ആവശ്യങ്ങൾക്കായുള്ള 4 സേവനങ്ങളുമാണ് പുതിയ പാക്കേജിലൂടെ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്ത് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇടപാടുകൾ ലളിതമാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സമയലാഭത്തോടെ എവിടെയിരുന്നും അപേക്ഷിക്കാനും പുതിയ ഇ-സേവനങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വലിയ കപ്പലുകളുമായി ബന്ധപ്പെട്ട് കപ്പലുകളുടെ ശുചിത്വ സർട്ടിഫിക്കറ്റ് (Ship Sanitation), സ്ഥിരവും താൽക്കാലികവുമായ രജിസ്ട്രേഷൻ, വാർഷിക ഫീസ് അടയ്ക്കൽ, താൽക്കാലിക രജിസ്ട്രേഷൻ പുതുക്കൽ, എക്സ്റ്റൻഷൻ സർട്ടിഫിക്കറ്റ്, കപ്പലുകളുടെ യാത്രായോഗ്യതാ സർട്ടിഫിക്കറ്റ് (Certificate of Seaworthiness), കൂടാതെ പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സൗകര്യം എന്നിവയാണ് പുതുതായി വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാവികരുടെ കാര്യത്തിൽ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (IMO) സുരക്ഷാ ചട്ടപ്രകാരമുള്ള GMDSS ഓപ്പറേറ്റർ സർട്ടിഫിക്കറ്റുകൾ നൽകൽ, പുതുക്കൽ, ഭേദഗതികൾ വരുത്തൽ എന്നിവയും ഇനി മുതൽ ഓൺലൈൻ വഴി സുഗമമായി നിർവഹിക്കാം.
ഖത്തറിലെ കപ്പൽ വിനിമയ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിൽ ബിസിനസ്സ് ചെയ്യുന്ന പ്രവാസി മലയാളി സംരംഭകർക്കും ഈ രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കും വലിയ ആശ്വാസമാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും രാജ്യത്തെ സാങ്കേതിക വികസനത്തിനും മുൻഗണന നൽകുന്ന ദേശീയ ഡിജിറ്റൽ നയങ്ങളുടെ ഭാഗമായാണ് ഈ ഓട്ടോമേഷൻ പ്രക്രിയയെന്ന് ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഡോ. അഹമ്മദ് നാസർ അൽ കുവാരി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പൊതുസേവനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത മന്ത്രാലയം.







