ദോഹ: ഖത്തറിൽ പാക്ക് ചെയ്ത മാംസ ഉൽപന്നങ്ങളിൽ നിർബന്ധിത ലേബൽ വിവരങ്ങൾ രേഖപ്പെടുത്താതെ വിൽപ്പന നടത്തിയ മീറ്റ് ട്രേഡിംഗ് സ്ഥാപനത്തിനെതിരെ നഗരസഭാ അധികൃതരുടെ കർശന നടപടി. അൽ ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന ‘ഗോർഖ മീറ്റ് ട്രേഡിംഗ്’ (Gorkha Meat Trading Company) എന്ന സ്ഥാപനമാണ് നിയമലംഘനത്തെ തുടർന്ന് മുൻസിപ്പാലിറ്റി അധികൃതർ താൽക്കാലികമായി അടപ്പിച്ചത്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് മന്ത്രാലയത്തിന്റെ ഈ അഡ്മിനിസ്ട്രേറ്റീവ് നടപടി.
ഭക്ഷണ സാധനങ്ങളുടെ പുറം ലേബലിൽ ഉൽപ്പന്നത്തിന്റെ പേര്, ചേരുവകൾ, നെറ്റ് വെയ്റ്റ്, ഉൽപ്പാദന-കാലഹരണ തീയതികൾ, സംഭരണ നിർദ്ദേശങ്ങൾ, ഉത്ഭവ രാജ്യം, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഖത്തറിലെ ഭക്ഷ്യസുരക്ഷാ നിയമം നിർദ്ദേശിക്കുന്നത്. ഈ മാനദണ്ഡങ്ങൾ പാലിക്കാതെ പാക്കറ്റുകൾ വിതരണം ചെയ്തതാണ് സ്ഥാപനത്തിനെതിരെയുള്ള നടപടിക്ക് കാരണമായത്. ഈദ് ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ പ്രവാസി മലയാളി കുടുംബങ്ങളും കൂട്ടായ്മകളും മാംസവും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും വലിയ തോതിൽ വാങ്ങാറുള്ളതിനാൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധമുള്ള വിഷയമായതിനാൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തുടനീളമുള്ള ഹൈപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറേജുകൾ, ഇറച്ചി വില്പനശാലകൾ എന്നിവ കേന്ദ്രീകരിച്ച് മുൻസിപ്പാലിറ്റി ഇൻസ്പെക്ടർമാരുടെ കർശന പരിശോധന തുടരും. വിലക്കുറവോ മറ്റ് ആനുകൂല്യങ്ങളോ മാത്രം നോക്കാതെ, ലേബൽ വിവരങ്ങളും കൃത്യമായ കാലാവധിയും പരിശോധിച്ച് മാത്രമേ ഉൽപ്പന്നങ്ങൾ വാങ്ങാവൂ എന്ന് പ്രവാസികളോട് അധികൃതർ അഭ്യർത്ഥിച്ചു.







