ദോഹ: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനങ്ങളായ എപ്കോ (APCO), ഹൊറൈസൺ ഗ്രൂപ്പ് എന്നിവർ ചേർന്ന് തയ്യാറാക്കിയ 2026-ലെ ഗ്ലോബൽ ബ്യൂറോക്രസി പെർസെപ്ഷൻ ഇൻഡക്സിലാണ് (Global Bureaucracy Perception Index 2026) ഖത്തർ ഈ വൻ നേട്ടം കൈവരിച്ചത്. വ്യക്തികൾക്ക് സർക്കാർ സേവനങ്ങൾ പൂർത്തിയാക്കി നൽകുന്നതിലെ വേഗത അളക്കുന്ന ‘ടൈം’ (Time) കാറ്റഗറിയിൽ 83.2 ശതമാനം സ്കോർ നേടിയാണ് ഖത്തർ ഒന്നാമതെത്തിയത്. ഇതിന് പുറമെ നടപടിക്രമങ്ങളുടെ വ്യക്തത ഉറപ്പാക്കുന്ന സുതാര്യതയിൽ (Transparency) 82.9 ശതമാനവും, വിശ്വസ്തതയിൽ (Predictability) 82 ശതമാനവും സ്കോർ ഖത്തർ സ്വന്തമാക്കിയിട്ടുണ്ട്.
ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിലും ഖത്തർ മികച്ച മുന്നേറ്റമാണ് നടത്തിയത്. ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള സർക്കാർ സേവനങ്ങളുടെ സുതാര്യതയിൽ പ്രാദേശിക തലത്തിൽ ഒന്നാമതും ആഗോളതലത്തിൽ മൂന്നാമതുമാണ് രാജ്യം. കൂടാതെ, വ്യവസായ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനവും ഖത്തറിനുണ്ട്. ഖത്തർ നാഷണൽ പ്ലാനിങ് കൗൺസിൽ (National Planning Council) പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തിന്റെ ഈ അഭിമാനകരമായ നേട്ടങ്ങൾ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ നേട്ടം വലിയ ഊർജ്ജം പകരുമെന്ന് കൗൺസിൽ വിലയിരുത്തി.
സർക്കാർ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഖത്തറിൽ ബിസിനസ് മേഖലയിലുള്ള 65 ശതമാനം ആളുകളും സർക്കാർ സേവനങ്ങൾക്കായി എഐ അധിഷ്ഠിത ടൂളുകളാണ് ഉപയോഗിക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം (Digital Transformation) എത്രത്തോളം വേഗതയുള്ളതും ലളിതവുമായെന്ന് അടിവരയിടുന്നതാണ് പുതിയ ആഗോള സൂചികയിലെ ഈ ഒന്നാം സ്ഥാനം.







